അടൂര്‍: ഏനാത്ത് ചെറുമകന്റെ മര്‍ദനത്തിനിരയായ 98 വയസായ വയോധികയെ സന്ദര്‍ശിച്ച കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഇടപെട്ട് അവരെ മകളുടെ വീട്ടിലേക്ക് മാറ്റി. ഏഴംകുളം മങ്ങാട് താമസിക്കുന്ന മകളെ കമ്മീഷന്‍ വിളിച്ചുവരുത്തി മകളുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
വയോധികയെ മര്‍ദിച്ച ചെറുമകനെ റാന്നി ഡിഅഡിക്ഷന്‍ സെന്ററിലേക്ക് ചികിത്സയ്ക്കായി മാറ്റി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന കേസ് ചികിത്സ കഴിഞ്ഞെത്തുമ്പോള്‍ തുടരാന്‍ അടൂര്‍ സി.ഐക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. ആവശ്യമെങ്കില്‍ വയോധികയെ ഗാന്ധിഭവനിലേക്ക് മാറ്റാനായെത്തിയ പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ആശ, വൈസ് പ്രസിഡന്റ് അജയന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ താജുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.