കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനം, മരുന്ന്, ഭക്ഷണ വിതരണം, ബോധവല്‍ക്കരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുകയാണ് ഏഴംകുളം ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. ഗ്രാമപഞ്ചായത്തിലെ കോവിഡ് വാര് റൂം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും കര്‍മ്മനിരതമായ ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വാര്‍ഡുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് വാഹനങ്ങള്‍ വീതം ക്രമീകരിക്കാന്‍ വാര്‍ഡ് ജാഗ്രതാ സമിതി നടപടി സ്വീകരിച്ചു. എല്ലാ വീടുകളിലും അണുനാശിനിയായി ഉപയോഗിക്കാവുന്ന ആയൂര്‍വേദ പൊടിയും ഹോമിയോ മരുന്നും വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ്തല സമിതികള്‍ ഊര്‍ജ്ജിതമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുള്ളതായി ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ പറഞ്ഞു.
ഏഴംകുളത്ത് ജനകീയ ഹോട്ടലും പവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ രണ്ടും മൂന്നും വീടുകള്‍ കേന്ദ്രീകരിച്ച് തീരെ രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഒരു സന്നദ്ധ സംഘടന കോവിഡ് പ്രതിരോധത്തിന് തങ്ങളുടെ ആംബുലന്‍സ് വിട്ടു നല്കിയിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയ നല്ലവരായ നാട്ടുകാരെ അഭിനന്ദിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഗ്രാമപഞ്ചായത്തിലെ മേഖലകളില്‍ പ്രതിരോധ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.