പത്തനംതിട്ട: ഭവന വായ്പ കുടിശികയായതിന്റെ പേരില്‍ ഇടപാടുകാരന്റെ ശമ്പള അക്കൗണ്ട് മരവിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരേ ഉപഭോക്തൃ കോടതിയുടെ വിധി. സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് ശിക്ഷ. കൊടുമണ്‍ കൊച്ചുവീട്ടില്‍ ലതീഷ്‌കുമാര്‍ കല്ലേലി എസ്.ബി.ഐ ശാഖാ മാനേജരെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്ത കേസിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി.
ഇതനുസരിച്ച് മാനേജര്‍ 10,000 രൂപ നഷ്ടപരിഹാരവും 2,500 രൂപ കോടതി ചെലവും ലതീഷിന് നല്‍കണം. ബാങ്കിന്റെ കല്ലേലി ശാഖയില്‍ നിന്നും ലതീഷ് 6. 30 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. 8302 രൂപ പ്രകാരം പ്രതിമാസ ഗഡുക്കളായി 180 തവണ കൊണ്ട് തിരിച്ചടയ്ക്കണമെന്നായിരുന്നു കരാര്‍. വനംവകുപ്പ് ജീവനക്കാരന്‍ കൂടിയായ ലതീഷ് വീടും സ്ഥലവും ഈടു വച്ചാണ് ലോണ്‍ എടുത്തത്. അവിചാരിതമായ കാരണങ്ങളാല്‍ മൂന്നു തവണ വായ്പ അടയ്ക്കാന്‍ സാധിച്ചില്ല. രണ്ടു ദിവസത്തിനകം കുടിശിക അടച്ചു കൊളളാമെന്ന് ലതീഷ് ബാങ്കിനെ അറിയിച്ചിരുന്നു. ബാങ്ക് നിരസിച്ചതു കാരണം ഭാര്യയുടെ ആഭരണം പണയം വച്ച് വായ്പാ കുടിശിക അടച്ചു തീര്‍ത്തു. ഈ സമയം ലതീഷിനെ അറിയിക്കാതെ അദ്ദേഹത്തിന്റെ കൊടുമണ്‍ എസ്.ബി.ഐ ബ്രാഞ്ചിലുളള ശമ്പള അക്കൗണ്ട് കല്ലേലിയിലെ മാനേജര്‍ ഇടപെട്ട് മരവിപ്പിച്ചു.
എടിഎം കാര്‍ഡ് ഉപയോഗിച്ച് ശമ്പള അക്കൗണ്ടിലേക്ക് വന്ന പണം പിന്‍വലിക്കാന്‍ കഴിയാതെ വരികയും ചെയ്തു. വായ്പാ കുടിശിക പൂര്‍ണമായി അടച്ചു തീര്‍ത്ത് ഒരു ദിവസം കൂടി കഴിഞ്ഞാണ് ശമ്പള അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിച്ചത്. ഇത് തനിക്ക് മനോവിഷമവും വേദനയും ഉണ്ടാക്കിയതായി ലതീഷ് ഫോറത്തില്‍ ബോധിപ്പിച്ചു. ഈ പ്രവൃത്തി എതിര്‍ കക്ഷിയുടെ സേവനത്തിന്റെ അപര്യാപ്തത ആണെന്നും ലതീഷ് വാദിച്ചു. ഇരു ഭാഗത്തിന്റേയും വാദവും തെളിവുകളും പരിശോധിച്ച ഫോറം എതിര്‍ കക്ഷിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയാണ് നഷ്ടപരിഹാരവും കോടതി ചെലവും അനുവദിച്ചത്. പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗങ്ങളായ നിഷാദ് തങ്കപ്പന്‍, ഷാജിതാ ബീവി എന്നിവരാണ് വിധി പ്രസ്താവിച്ചത്.