പള്ളുരുത്തി: കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8 മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നല്‍കിയ ഇരട്ടപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങള്‍ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗര്‍ഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാര്‍ത്ത നല്‍കിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്‌കാരം ഇന്ന് ഇടക്കൊച്ചിയില്‍ നടത്തും.