പത്തനാപുരം: വയോജനങ്ങളുടെയും നിരാലംബരുടെയും ആശാകേന്ദ്രമായ ഗാന്ധിഭവനില്‍ കോവിഡ് വ്യാപിക്കുന്നു. യുറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധസദനങ്ങളില്‍ രോഗം പകര്‍ന്നതിന് സമാനമാണ് ഇവിടെയും സ്ഥിതി. ഗുരുതരമായ രോഗം ബാധിച്ചവരും പ്രായമേറിയവരും ഏറെയുള്ളതിനാല്‍ സ്ഥിതി സങ്കീര്‍ണമാണ്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടന്നിരുന്നു. ആരോഗ്യവകുപ്പിന്റെ മൊബൈല്‍ യൂണിറ്റാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധിക്കുന്നവര്‍ക്കെല്ലാം പോസിറ്റീവ് ആയിരുന്നു. പോസിറ്റിവിറ്റി റേറ്റ് കണ്ട് പരിശോധനയ്ക്ക് എത്തിയവരും ഞെട്ടി. 400 പേരെ പരിശോധിച്ചപ്പോള്‍ 322 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. രോഗവ്യാപന തോത് കൂടുതലാണെന്ന് കണ്ട് ഒടുക്കം പരിശോധന നിര്‍ത്തി വയ്ക്കുകയായിരുന്നു. ഗാന്ധിഭവനിനെ അതീവ ഗുരുതാവസ്ഥ പുറത്തു വിടാന്‍ ആദ്യം മാധ്യമങ്ങളൊന്നും തന്നെ തയാറായിട്ടില്ല. ഇന്നലെയാണ് ടിവി ചാനലുകള്‍ ഫ്്‌ളാഷ് ന്യൂസ് നല്‍കിയത്. ഇവിടെയുള്ള ഗുരുതരാവസ്ഥയിലുളള ഏതാനും പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ശേഷിച്ചവരെ ഇവിടെ തന്നെ ചികില്‍സിക്കാനുള്ള കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റി.
കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു വൃദ്ധസദനത്തില്‍ രോഗം വ്യാപിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ് എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഉറ്റവരും ഉടയവരുമില്ലാത്തവരും വന്ദ്യവയോധികരുമാണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. ഗുരുതരമായ രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും പലര്‍ക്കുമുണ്ട്. ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ച സ്ഥിതിക്ക് ഇവരുടെ ശുശ്രൂഷയും ബുദ്ധിമുട്ടാണ്. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നതാണ് അവസ്ഥ.