തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് നാളെ തുടക്കമാകും. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പ്രവര്‍ത്തകരുമായി മൂന്ന് കോടി പേര്‍ക്കാണ് രാജ്യത്ത് ആദ്യം വാക്സിന്‍ വിതരണം ചെയ്യുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയില്‍ വിതരണാംഗീകാരം നല്‍കിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ആദ്യ ദിനം ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്ക് വീതം ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.