അടൂര്‍ക്കാരന്‍ ജോബ് ശരിക്കും കുറുപ്പു തന്നെയോ? നാലു വര്‍ഷം മുന്‍പ് ലക്നൗവില്‍ നിന്ന് കോട്ടയം നവജീവനില്‍ കൊണ്ടു വന്ന വയോധികന്‍ സാക്ഷാല്‍ സുകുമാരക്കുറുപ്പ് തന്നെയോ എന്ന് സംശയം

കോട്ടയം: നാലു വര്‍ഷം മുന്‍പ് ലക്‌നൗവില്‍ നിന്നെത്തി ഇപ്പോള്‍ കോട്ടയം നവജീവനില്‍ കഴിയുന്ന ജോബ് എന്ന വയോധികന്‍ സാക്ഷാല്‍ സുകുമാരക്കുറുപ്പ് തന്നെയോ എന്ന് സംശയം ഉയരുന്നു. അപകടത്തില്‍ പരുക്കേറ്റ് ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട മലയാളി നഴ്സ് പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് ജോബിനെ അവിടെ നിന്ന് നവജീവനില്‍ കൊണ്ടെത്തിച്ചത്. ഹിന്ദി ന്യൂസ് ചാനലായ ആജ് തക്കിന്റെ് ക്രൈം പരിപാടിയില്‍ സുകുമാരക്കുറുപ്പിന്റെ കഥ കേട്ട കിങ് ജോര്‍ജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം ഹെഡ് ഡോ: ബി കെ ഓജയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം ഉന്നയിച്ചിരിക്കുന്നത്.

ഡിസ്ചാര്‍ജായി എങ്ങോട്ടു പോകുമെന്ന് അറിയാതെ നിന്ന ജോബിനെ അജേഷ് ആണ് സഹായിച്ചത്. പ്രവാസി മലയാളിയായ ജിബു വിജയന്‍ ഇലവുംതിട്ടയുമായി ചേര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ജോബിന്റെ കഥ പങ്കു വച്ചു. ആരും തേടിയെത്തിയില്ല. ഒടുക്കം കോട്ടയം നവജീവന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോള്‍ സംരക്ഷണം ഏറ്റെടുക്കാന്‍ അവര്‍ തയാറായി. അജേഷ് സ്വന്തം ചെലവില്‍ ജോബിനെ കോട്ടയത്ത് എത്തിച്ചു. അദ്ദേഹം നവജീവനില്‍ സുഖമായി കഴിയുന്നു. ഇപ്പോള്‍ നാട്ടിലുള്ള അജേഷിനെ തേടി കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം ഹെഡ് ഡോ: ബി കെ ഓജയുടെ കോള്‍ എത്തി. അന്ന് നമ്മള്‍ ചികില്‍സിച്ചത് സുകുമാരക്കുറുപ്പിനെയായിരുന്നോ?

അതു വരെയില്ലാത്ത ഒരു സംശയം അജേഷിനും ഇപ്പോള്‍ ഉണ്ട്.

സുകുമാരക്കുറുപ്പിന്റെ തിരോധാനം സംബന്ധിച്ച് 45 മിനുട്ട് നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനല്‍ ആയ ആജ് തക്കിന്റെ ക്രൈം തക്ക് എന്ന പരിപാടിയില്‍ വന്നിരുന്നു. ഇതു കണ്ടാണ് ഡോ. ഓജ സംശയം ഉന്നയിച്ചത്. ഇടയ്ക്കിടെ മാനസികമായി തകരുന്ന ജോബ് പല കഥകളും അജേഷിനോട് പറഞ്ഞിരുന്നു. അതും ഡോ. ഓജയുടെ സംശയവും സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ കഥയും ഒന്നു വിലയിരുത്തി നോക്കുമ്പോള്‍ അജേഷിനും ഇപ്പോള്‍ തോന്നിത്തുടങ്ങി ശരിക്കും അത് സുകുമാരക്കുറുപ്പാണോ?

ജോബ് പറഞ്ഞ കഥ

അടൂരിന് സമീപം പന്നിവിഴയായിരുന്നു വീട്. എയര്‍ ഫോഴ്‌സിലായിരുന്നു ജോലി. വീട്ടുകാരുമായി പിണങ്ങി നാടുവിട്ട് 35 വര്‍ഷമായി. ലക്‌നൗവില്‍ ആയിരുന്നു തുടര്‍ ജീവിതം. ഒരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവര്‍ ഉപേക്ഷിച്ചപ്പോള്‍ തെരുവിലായി. അതിനിടെയാണ് അപകടത്തില്‍പ്പെട്ട് ചികില്‍സയിലായത്. ഒരു മകന്റെ പേര് മാത്രം ഓര്‍മയിലുണ്ട് ഫെലിക്‌സ്.

ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ജോബിനെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സിന് അജേഷ് ശ്രമിച്ചിരുന്നു. പക്ഷേ, ഒരു തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമില്ല. പറയുന്ന പേര് ശരിയാണോയെന്ന് ഉറപ്പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അസുഖം ഭേദമായപ്പോള്‍ അജേഷ് ഇയാളോട് പറഞ്ഞു നാട്ടിലെത്തിക്കാം. ഇതിനായി സാമൂഹിക പ്രവര്‍ത്തകനായ ജിബുവിജയന്റെ ഓണ്‍ലൈന്‍ പേജായ പിടിഎ മീഡിയയിലൂടെ ശ്രമം നടത്തി. അങ്ങനെയാണ് പന്നിവിഴയിലെ വീടുണ്ടെന്ന് കണ്ടെത്തിയത്.

പക്ഷേ, നിലവില്‍ ഇങ്ങനെ ഒരു കുടുംബം അവിടെയില്ല. അവര്‍ എവിടേക്കോ പോയിരിക്കുന്നു. ഫെലിക്‌സ് എന്ന മകനെ കുറിച്ചും സൂചനയില്ല. സ്വന്തം വീട്ടിലേക്ക് േജാബിനെ എത്തിക്കാന്‍ സാധിക്കില്ലെന്ന് വന്നപ്പോഴാണ് അജേഷ് കോട്ടയം നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. അവര്‍ അനുവാദം കൊടുത്തതോടെ 2017 ഒക്ടോബര്‍ 19 ന് അജേഷ് ജോബുമായി ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് പുറപ്പെട്ടു. ഡോ. ഓജയുടെ നേതൃത്വത്തില്‍ യാത്രയയപ്പും നല്‍കി. പക്ഷേ, ജോബ് കേരളത്തിലേക്ക് വരുന്നത് താല്‍പര്യപ്പെട്ടിരുന്നില്ല. യാത്രയ്ക്കിടെ പലപ്പോഴും ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് അജേഷ് ഓര്‍ക്കുന്നു.

സംശയിക്കാനുള്ള കാരണങ്ങള്‍

സുകുമാരക്കുറുപ്പ് എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിരുന്നയാളാണ്. ജോബും താന്‍ റിട്ട. എയര്‍ഫോഴ്‌സ് ആയിരുന്നുവെന്ന് പറയുന്നു. ഏതൊക്കെയോ വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ കുറുപ്പിന്റെ ഒരു മുഖഛായ ജോബിന് തോന്നിക്കും. തിരിച്ചറിയല്‍ രേഖയില്ല. അയാള്‍ നല്‍കിയ അഡ്രസ് ഇപ്പോള്‍ നിലവിലില്ല. ഇതില്‍ ഒക്കെ ഉപരിയായി കേരളത്തിലേക്ക് വരാന്‍ അയാള്‍ താല്‍പര്യപ്പെട്ടിരുന്നില്ല.

വെറും സംശയം മാത്രം

സാഹചര്യത്തെളിവുകള്‍ കൊണ്ടുള്ള വെറും സംശയം മാത്രമാണിത്. പക്ഷേ, ജോബിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യം തന്നെയാണ്. അതിനി നടത്തേണ്ടത് കേരളാ പൊലീസാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…