കേരളത്തിന്റെ വിപ്ലവ നായിക മുന്‍ മന്ത്രി കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: രക്തത്തിലെ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു

പനിയും ശ്വാസംമുട്ടലും കാരണമാണു ഗൗരിയമ്മയെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. രാവിലെ മരിച്ചു

കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മ (102) വിടവാങ്ങി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം. ഒളിവു ജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ സ്വാധീനത്താല്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്ര-വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. പി, കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു-കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി.വി. തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയില്‍ അംഗമായിരുന്നു ടി.വി.യും. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടര്‍ന്ന് ടിവിയുമായി പിരിഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

സിപിഐ നേതാവ് ബിജു ഹൈദരാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

അടൂര്‍: സിപിഐ നേതാവ് എഐഡിആര്‍എം (അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ്) ദേശീയ സമ്മേളനത്തില്‍…