പത്തനംതിട്ട: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.
ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
കുമ്പനാട് വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതല്‍ 26 വരെ മാരാമണ്‍ പള്ളി വക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതല്‍ 1930 വരെ മാരാമണ്‍ മിഡില്‍ സ്‌കൂളിലും 1931 മുതല്‍ 32 വരെ കോഴഞ്ചേരി ഹൈസ്‌ക്കൂളിലും 1932 മുതല്‍ 33 വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂളിലും പഠനം. 1933 മുതല്‍ 39 വരെ ആലുവ യുസി കോളജ് വിദ്യാര്‍ഥി. ഇതിനിടെ 1936ല്‍ മാതാവിന്റെ വേര്‍പാട്. 1940ല്‍ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടര്‍ന്നു. 1943ല്‍ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദിക പഠനം.
മാതൃ ഇടവകയായ ഇരവിപേരൂര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ 1944ലെ പുതുവര്‍ഷ ദിനത്തില്‍ ശെമ്മാശപ്പട്ടവും അതേ വര്‍ഷം ജൂണ്‍ മൂന്നിനു വൈദികനുമായി. 1944ല്‍ ബെംഗളൂരു ഇടവക വികാരി. 1948ല്‍ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ല്‍ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാന്‍ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു. 1953ല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ, തോമസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി അവരോധിക്കപ്പെടുന്നത്.