തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ചു: മന്ത്രി കെ. രാധാകൃഷ്ണന്‍

പന്തളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 215 കോടി രൂപയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 150 കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തുടനീളം ഏഴ് ഇടത്താവളങ്ങള്‍ നിര്‍മിക്കും. ശബരിമലയിലേക്കുള്ള 120 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടുത്ത മണ്ഡലകാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.

നാലു കോടി രൂപ ചെലവില്‍ 23,500 ചതുരശ്ര അടിയിലാണ് നിര്‍മാണം. ഒന്നാം നിലയില്‍ 750 പേര്‍ക്കിരിക്കാവുന്ന അന്നദാന മണ്ഡപം, രണ്ടാം നിലയില്‍ 1000 പേര്‍ക്ക് വിരിവച്ച് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഗ്രൗണ്ട് ഫ്‌ളോറില്‍ പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. എംഎല്‍എയും ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പി.കെ. കുമാരനോടുള്ള ആദരസൂചകമായി പി.കെ.കുമാരന്‍ സ്മാരക അന്നദാന മണ്ഡപം – ഭജനമഠം എന്നാണ് സമുച്ചയത്തിന് പേര് നല്‍കിയിരിക്കുന്നത്.

ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാലോചിതമായ മാറ്റങ്ങള്‍ക്ക് അനുസൃതമായ വികസനങ്ങള്‍ ഇനിയും മണ്ഡലത്തില്‍ ഉണ്ടാവുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പി.കെ. കുമാരന്റെ ചിത്രം അനാഛാദനം ചെയ്തു. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ പി.കെ. പുഷ്പലത, ദേവസ്വം ബോര്‍ഡ് അംഗമായ കെ.എസ്.രവി, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി. ബൈജു, മാവേലിക്കര എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.യു. ഉപ്പിലിയപ്പന്‍, പന്തളം കൊട്ടാര നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Load More Related Articles
Load More By Editor
Load More In Pandalam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…