അഡ്വ. തോമസ് ജോര്‍ജ്
കടമ്പനാട് :50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറക്കോട് ദേശക്കാരനായ ഒരു യുവ ഡോക്ടര്‍ കടമ്പനാട് എന്ന ഗ്രാമത്തില്‍ കടന്നു വന്ന് ഒരു ചെറിയ ഡിസ്പെന്‍സറിക്ക് തുടക്കമിട്ടു.യുവ ഡോക്ടറുടെ പേര് ദാനിയേല്‍ തോമസ്. നാട്ടുകാര്‍ എല്ലാവരും അദ്ദേഹത്തെ സ്‌നേഹത്തോടെ തോമസ് ഡോക്ടര്‍ എന്ന് വിളിക്കുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 50വര്‍ഷങ്ങള്‍ക്ക് മുന്‍പ്എം. ബി. ബി. എസ് ബിരുദമെടുത്ത അദ്ദേഹം കടമ്പനാട് എന്ന കൊച്ചു ഗ്രാമത്തിലാണ് തന്റെ പ്രാക്ടീസ് തുടങ്ങുന്നത്.കടമ്പനാട് ഗേള്‍സ് ഹൈസ്‌കൂളിന് എതിര്‍വശം താമരശ്ശേരില്‍ ബില്‍ഡിങ്ങിലാണ് വാടകയ്ക്ക് വീടെടുത്തു പ്രാക്ടീസ് ആരംഭിക്കുന്നത്. ഇപ്പോഴുള്ള കല്ലട ജലസേചന മെയിന്‍ കനാല്‍ അന്ന് അവിടെയില്ല. രോഗികളോട് സൗമ്യമായും സ്‌നേഹമായും പെരുമാറുന്ന തോമസ് ഡോക്ടര്‍ അധികം താമസിയാതെ തന്നെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായി.
ആദ്യമായി കടമ്പനാട്ടു സ്വകാര്യ പ്രാക്ടീസ് തുടങ്ങുന്ന എം ബി ബി എസ് ഡോക്ടറും അദ്ദേഹമാണെന്ന് തോന്നുന്നു. നിലക്കമുകളില്‍ അന്നും സര്‍ക്കാര്‍ ഡിസ്പെന്‍ സറിയുണ്ട്. പക്ഷെ അവിടെ ഡോക്ടര്‍ ആഴ്ചയില്‍ ഒരിക്കല്‍ വന്നാലായി. രോഗികള്‍ക്ക് എപ്പോഴും പ്രാപ്യനായത് തോമസ് ഡോക്ടര്‍ തന്നെയായിരുന്നു. സമീപ പ്രദേശങ്ങളായ ഏനാത്ത്, പുത്തൂര്‍, കുന്നത്തൂര്‍, നേടിയവിള, മലനട, തുടങ്ങിയ ദൂര സ്ഥലങ്ങളില്‍ നിന്നു വരെ രോഗികള്‍ തോമസ് ഡോക്ടറെ തേടിവരുമായിരുന്നു
വീണ്ടും വര്‍ഷങ്ങള്‍ കുറെ കടന്നു പോയി. പിന്നീട് അദ്ദേഹം കടമ്പനാട് ജംക്ഷനില്‍ തന്നെ കുറച്ച് സ്ഥലം മേടിച്ചു കെട്ടിടം നിര്‍മ്മിച്ചു സെന്റ് പോള്‍സ് ഹോസ്പിറ്റല്‍ ആരംഭിച്ചു. ജംക്ഷന് സമീപം തന്നെയാണ് അദ്ദേഹം വീട് വെച്ച് കുടുംബമായി താമസിക്കുന്നത്.
ഏതു പാതിരാത്രിയില്‍ അദേഹത്തിന്റെ വീട്ടില്‍ ചെന്നാലും സൗമ്യനായി അദ്ദേഹം രോഗികളെ പരിശോധിച്ചു ചികിത്സ നല്‍കും. റെഫര്‍ ചെയ്യേണ്ട രോഗികളെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് പറഞ്ഞയക്കും.ഇന്ന് കടമ്പനാട് ദേശത്തുള്ളവര്‍ക്ക് തോമസ് ഡോക്ടര്‍ സുപരിചിതനാണ്.
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. കടമ്പനാടിന്റ സമീപ പ്രദേശങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ /മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ ഉണ്ട്. നിലയ്ക്കമുകള്‍ ആശുപത്രിയും വികസിപ്പിച്ചു.തൂവയൂരില്‍ സെന്റ് വിന്‍സെന്റ് ആശുപത്രിയുണ്ട്.അടൂരില്‍ സിയോന്‍ എന്ന പേരില്‍ ഒരു സ്വശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങി. അടൂര്‍ സര്‍ക്കാര്‍ ആശുപത്രി, ജനറല്‍ ആശുപത്രി ആയി ഉയര്‍ത്തി. എങ്കിലും കടമ്പനാട് ദേശത്തുള്ളവര്‍ക്ക് ഇപ്പോഴും തോമസ് ഡോക്ടര്‍ തന്നെയാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ഡോക്ടര്‍. ഏതസുഖം വന്നാലും നാട്ടുകാര്‍ ഉടനെ തോമസ് ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്യും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവരോട് അദ്ദേഹം ആധുനിക സൌകര്യമുള്ള ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കും.
അര നൂറ്റാണ്ടിലേറെ കാലം കടമ്പനാട് ദേശത്തെ നാട്ടുകാരുമായുള്ള ബന്ധങ്ങള്‍ അദേഹത്തിന് ഒരു ബ്രഹത്തായ സുഹൃദ് വലയം സമ്മാനിച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദേഹത്തിന്റെ മകള്‍ ബംഗളുരു വെച്ച് അപകടത്തില്‍ മരിച്ച ദുഃഖം ഇന്നും അദ്ദേഹം ഹൃദയത്തില്‍ പേറുന്നുണ്ട്.
എങ്കിലും സെന്റ് പോള്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് പോകുമ്പോള്‍ ആ ദുഃഖം അദേഹത്തിന്റെ കര്‍ത്തവ്യബോധത്തിനും /ആതുര സേവനത്തിനും തടസമാകാറില്ല. കാലം തളര്‍ത്താത്ത ഊര്‍ജ്വസ്വലതയുമായി തോമസ് ഡോക്ടര്‍ സൗമ്യമായി, സ്‌നേഹത്തോടെ, കരുതലോടെ ഇന്നും രോഗികളെ പരിശോധിക്കുന്നു, ചികില്‍സിക്കുന്നു. കടമ്പനാട് ദേശത്തിന്റ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് തോമസ് ഡോക്ടറും അദേഹത്തിന്റെ ആശുപത്രിയും.