അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണില്‍ മറ്റൊരു അനായാസ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ട്. ചേസിങ്ങില്‍ ആദ്യ ഓവറിലെ ആറു പന്തും ഫോറടിച്ച് മിന്നല്‍ത്തുടക്കം സമ്മാനിച്ച ഓപ്പണര്‍ പൃഥ്വി ഷായുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി സീസണിലെ നാലാം ജയം കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 154 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 21 പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷായുടെ തകര്‍പ്പന്‍ ‘ഷോ’യാണ് ഡല്‍ഹിക്ക് അനായാസ വിജയമൊരുക്കിയത്. 41 പന്തില്‍ 11 ഫോറും മൂന്നു സിക്സും സഹിതം ഷാ 82 റണ്‍സെടുത്തു.
മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാന് 47 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ വെറും 83 പന്തുകളില്‍നിന്ന് ഷാ – ധവാന് സഖ്യം കൂട്ടിച്ചേര്‍ത്തത് 132 റണ്‍സ്. വിജയത്തിനരികെ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞെങ്കിലും വിജയം തടയാനായില്ല. പൃഥ്വി ഷാ, ഋഷഭ് പന്ത് (എട്ടു പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 16) എന്നിവരെക്കൂടി കൊല്‍ക്കത്ത പുറത്താക്കിയെങ്കിലും മാര്‍ക്കസ് സ്റ്റോയ്നിസ് (മൂന്നു പന്തില്‍ ആറ്) ഡല്‍ഹിയെ വിജയത്തിലെത്തിച്ചു.