ഷാര്‍ജ: തീരദേശത്തിന് ആകാശംമുട്ടെ അഭിമാനം പകര്‍ന്നു ജെനി ജെറോം (23) തിരുവനന്തപുരത്ത് പറന്നിറങ്ങും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്നു രാത്രി 10.25 ന് ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനമാണു പറപ്പിക്കുക.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന പദവി ഇനി ജെനി ജെറോമിന് സ്വന്തം. ഇന്നു രാത്രി ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മുളിലൂടെ പറക്കുമ്പോള്‍ കേരളത്തിന്റെ തിരദേശ മേഖലയ്ക്കും അഭിമാനിക്കാം. എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്ന ജെനി തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നാണ് ഈ നേട്ടം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നത്.
കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ട് വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനൊ ഒന്നും സംഭവിച്ചില്ല. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്. ഇന്ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്. മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവള്‍ തുറന്നുപറഞ്ഞു. ‘നീ പെണ്‍കുട്ടിയല്ലേ, പൈലറ്റാകാനോ’ തുടങ്ങിയ പതിവ് ചോദ്യങ്ങളൊന്നും അവളെ തളര്‍ത്തിയില്ല. ആ നിശ്ചയദാര്‍ഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റില്‍ എത്തിച്ചു. ജെനിയെ അഭിനന്ദിച്ച് നിരവധിപ്പോരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥനും ജെനിയെ അഭിനന്ദിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.