അടൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പഴ്സില്‍ നിന്ന് പണം മോഷ്ടിച്ച മൂന്നംഗ തമിഴ് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രത്യേക പരിശീലനം സിദ്ധിച്ച സ്ത്രീകള്‍ അറുപത്തഞ്ചുകാരിയുടെ സാമര്‍ഥ്യത്തിന് മുന്നിലാണ് കീഴടങ്ങിയത്. മോഷണം നടത്തി പണം ഒളിപ്പിക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ വയോധിക കള്ളികളെ പിടികൂടി. തൊണ്ടിയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പഠിച്ച കള്ളികളാണെന്ന് മനസിലായി. കഴിഞ്ഞ ദിവസം ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 40,000 രൂപയും മൊബൈല്‍ ഫോണും അപഹരിച്ച അതേ മൂന്നംഗ സംഘമാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തമിഴ്നാട് പളനി മുരുകന്‍ തെരുവ് ഡോര്‍ നമ്പര്‍ 113 ല്‍ നന്ദിനി (49), സരസ്വതി (45), സുമതി (40) എന്നിങ്ങനെയാണ് ഇവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന വിലാസം. ഇത് കൃത്യമാണോയെന്ന് പൊലീസിനും ഉറപ്പില്ല. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ന് ഏനാത്ത് നിന്ന് അടൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത കടമ്പനാട് മേമണ്ണടി മുല്ലേലിമുക്ക് ചരുവിലയ്യത്ത് വീട്ടില്‍ രാധ(65)യുടെ പഴ്സില്‍ നിന്നാണ് ഇവര്‍ പണം അപഹരിച്ചത്. 750 രൂപയാണ് പഴ്സിലുണ്ടായിരുന്നത്. പണം പോയെന്ന് മനസിലാക്കിയ രാധ ബഹളം വച്ചു. ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ മൂന്നു സ്ത്രീകളെയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞു വച്ചു. തൊണ്ടി മാറ്റാന്‍ സമയവും കിട്ടിയില്ല. ഇതോടെ ഇവര്‍ പൊലീസ് കസ്റ്റഡിയിലായി. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഇവര്‍ ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മൂവരുടെയും ചിത്രങ്ങള്‍ പൊലീസ് ഔദ്യോഗിക ഗ്രുപ്പുകളിലും പൊതുജനങ്ങള്‍ക്കിടയിലും പങ്കു വച്ചു. ചിത്രത്തിലുള്ളവര്‍ തന്നെയാണ് അടൂരില്‍ പിടിയിലായത് എന്ന് മനസിലാക്കിയ പൊലീസ് വിവരം ചങ്ങനാശേരി പൊലീസിന് കൈമാറി. അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇനി ചങ്ങനാശേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
അടൂര്‍ മരുതിമൂട് പള്ളിയിലെത്തുന്നവരുടെ പഴ്സും ബാഗും മുറിച്ച് പണവും സ്വര്‍ണവും മോഷ്ടിച്ചിരുന്നതും ഇതേ സംഘമാണെന്ന് മനസിലായിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് പള്ളിയിലേക്ക് വിശ്വാസികള്‍ വരുന്നത് കുറഞ്ഞപ്പോള്‍ ഇവര്‍ നാട്ടിലേക്കിറങ്ങി മോഷണം നടത്തുകയായിരുന്നു. ഗര്‍ഭിണികള്‍, അതി സുന്ദരികള്‍ എന്നിവരെയാണ് മോഷണം നടത്താന്‍ കൊള്ളസംഘം നിയോഗിക്കുന്നത്.