പ്രൊബേഷന്‍ എസ്ഐ പദവി എന്തും ചെയ്യാനുള്ള ലൈസന്‍സോ? കൊല്ലം ആയൂരില്‍ ഹൃദ്രോഗിയായ വയോധികന് നേരെ പ്രൊബേഷന്‍ എസ്ഐയുടെ പരാക്രമം

കൊല്ലം : പ്രൊബേഷന്‍ എസ്ഐ പദവി എന്നാല്‍ സുരേഷ് ഗോപി കളിക്കാനുള്ള ലൈസന്‍സാണെന്നാണ് നമ്മുടെ പൊലീസുകാര്‍ക്കിടയിലെ അലിഖിത നിയമം. പ്രൊബേഷന്‍ എസ്ഐക്ക് എന്തും ചെയ്യാം. ആരും ചോദിക്കില്ല. നടപടിയും ഉണ്ടാകില്ല എന്നതാണ് നാട്ടുനടപ്പെന്ന് ഇവര്‍ തന്നെ പറഞ്ഞു പരത്തിയിരിക്കുന്നു. ആരെയും തല്ലാം, തെറിവിളിക്കാം, അതിക്രമം കാണിക്കാം എന്നിങ്ങനെ എന്തും ചെയ്യാമെന്ന് ഇവരില്‍ ചിലര്‍ ധരിച്ച് വശായിരിക്കുന്നു. അങ്ങനെ ഒരു പ്രൊബേഷന്‍ എസ്ഐ നടത്തിയ പരാക്രമത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷന്‍ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ ആണ് പൊലീസ് മര്‍ദിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം. രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വെച്ച് വാഹന പരിശോധനക്കായി പൊലീസ് കൈകാണിച്ചത്. ഇരുവര്‍ക്കും ഹെല്‍മറ്റോ വാഹനത്തിന്റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു.

ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്ഐ നജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. രോഗിയാണെന്ന് രാമാനന്ദന്‍ നായര്‍ അറിയിച്ചെങ്കിലും പ്രൊബേഷന്‍ എസ് ഐ നജീം അടക്കമുള്ളവര്‍ ഇയാളെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബൈക്ക് ഓടിച്ചിരുന്ന ആളെ ആദ്യം പൊലീസ് വാഹനത്തില്‍ കയറ്റി. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതില്‍ പ്രകോപിതനായ പ്രൊബേഷണല്‍ എസ്ഐ നജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തു.

ജംങ്ഷനില്‍ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എസ് ഐയെ ആക്രമിക്കാന്‍ രാമാനന്ദന്‍ ശ്രമിച്ചെന്നും ഇതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങളടക്കം സംഭവം വിവാദമായതോടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടു.

പ്രൊബേഷന്‍ എസ്ഐ പദവി എന്തും ചെയ്യാനുള്ള ലൈസന്‍സോ? ഹൃദ്രോഗിയായ വയോധികന് നേരെ പ്രൊബേഷന്‍ എസ്ഐയുടെ പരാക്രമം:

Posted by Adoor Vartha on Wednesday, 7 October 2020

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…