പള്ളിക്കല്‍: വളര്‍ത്തു മത്സ്യത്തിന് പ്രിയമേറിയപ്പോള്‍ രാത്രിയില്‍ വലയെറിഞ്ഞ് മോഷ്ടാക്കള്‍. കര്‍ഷകനായ ഇളംപള്ളില്‍ കൈമവിളയില്‍ രവീന്ദ്രന് പിള്ളയുടെ വിളവെടുപ്പിനു പാകമായ റെഡ് ബെല്ലി, തിലാപ്പിയ ഇനങ്ങളില്‍പെട്ട 800 മത്സ്യങ്ങളാണ് മോഷണം പോയത്.5 സെന്റ് വീതമുള്ള രണ്ടു കുളങ്ങളില്‍ ഒരെണ്ണത്തിലാണ് മോഷണം നടന്നത്.
500 കിലോയിലധികം മത്സ്യം മോഷണം പോയതായും അടൂര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും രവീന്ദ്രന്‍പിള്ള പറഞ്ഞു.;വീടിന് അകലെയുള്ള സ്വന്തം കൃഷിയിടത്തിലാണ് കുളം. കൃഷിയിടങ്ങളില്‍ മോഷണം പതിവാണെങ്കിലും മത്സ്യ മോഷ്ടാക്കള്‍ പൊലീസിന്റെ വലയില്‍ കുടുങ്ങാറില്ല.
വിളവെടുപ്പിന് പാകമായി വരുന്ന രണ്ടാമത്തെ കുളത്തിന് രാത്രി ഉറക്കമില്ലാതെ കാവലിരിക്കുകയാണ് രവീന്ദ്രന്‍പിള്ള.ലോക്ഡൗണ്‍ നല്കിയ പുതിയ ജീവിതശൈലിയില്‍ മത്സ്യക്കൃഷിയും സജീവമാണ്. ഉപഭോഗത്തിലും വര്‍ധനയുണ്ടായി. മുന്‍പ് പുറത്തു വിപണി കണ്ടെത്തിയാണ് മത്സ്യം വിറ്റഴിച്ചിരുന്നത്. ഇപ്പോള്‍ കൃഷിയിടവും കര്‍ഷകരുടെ വീടും വിപണിയാണ്. മുന്തിയ ഇനങ്ങള്‍ക്ക് 300 രൂപ വരെ വില ലഭിക്കും.