പുനലൂര്‍ : നമ്പരില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യംചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ പുനലൂര്‍ പോലീസ് പിടികൂടി. രൂപവും നിറവും മാറ്റിയ സ്‌കൂട്ടറും പിടിച്ചെടുത്തു.
കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ, കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ പോലീസിനുമുന്നില്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളെക്കുറിച്ച് സൂചന ലഭിച്ചത്.
അന്വേഷണത്തില്‍ വാഹനം വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ചുവപ്പുനിറമായിരുന്ന സ്‌കൂട്ടര്‍ കറുപ്പുനിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്.ഐ. ശരത്‌ലാല്‍ പറഞ്ഞു.