അല്ല ഇതാര് രാജന്റെ അമ്മച്ചിയല്ലിയോ ബൈക്കിന്റെ പിന്നിലോട്ട് കേറിക്കോ ഞാന്‍ കൊണ്ടു വിടാം: മോഷണത്തിന് നൂതന മാര്‍ഗം പയറ്റിയ അത്യന്താധുനിക കള്ളന്‍ പിടിയില്‍

അടൂര്‍: തനിയെ പോകുന്ന വയോധികന്മാരെ മക്കളുടെ കൂട്ടുകാരന്‍ ചമഞ്ഞ് പാട്ടിലാക്കി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി മോഷണം നടത്തുകയും ചെയ്യുന്ന അത്യാന്താധുനിക മോഷ്ടാവ് പൊലീസ് പിടിയില്‍. കൊല്ലം പവിത്രേശ്വരം കരിമ്പിന്‍പുഴ പാങ്ങോട് പാലമുക്ക് ശ്രീ ഭവനം വി പി ശ്രീജു (30)വിനെയാണ് നൂറോളം സിസിടിവി കാമറകളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒമ്പതരയോടെ പെരിങ്ങനാട് – ആസാദ് ജങ്ഷനില്‍ പാറക്കൂട്ടം റോഡിലൂടെ നടന്നു വന്ന എണ്‍പത്തിയൊന്നുകാരിയുടെ കഴുത്തില്‍ കിടന്ന 40000 രൂപ വില വരുന്ന ഒരു പവനോളം തൂക്കമുള്ള സ്വര്‍ണമാല പെരിങ്ങനാട് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയ്ക്ക് സമീപം വെച്ച് ബൈക്കിലെത്തി പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ്. കൊല്ലം,പത്തനംതിട്ട ജില്ലകളിലായി നൂറോളം സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരില്‍ നിന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

വയോധികകളെ മകന്റെ കൂട്ടുകാരന്‍ ആണെന്ന വ്യാജേനെ സമീപിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ കൈയിലുള്ള പേഴ്സും കഴുത്തില്‍ കിടക്കുന്ന മാലയും തട്ടിയെടുത്ത് ഉപേക്ഷിച്ച് കടന്നു കളയുന്നതാണ് പ്രതിയുടെ രീതി. കുണ്ടറ, ഏനാത്ത്, അടൂര്‍ സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സമാന രീതിയിലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് ഇയാള്‍ സമാന രീതിയിലുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

വയോധികയുടെ മാല തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതിയില്‍ നിന്നും അഞ്ച് പവനോളം സ്വര്‍ണാഭരണങ്ങളും ആറായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തു. കുണ്ടറ,ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധികളിലെ കുറ്റകൃത്യങ്ങള്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, രാജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…