ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ഡി.എം.ഒ

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിലയിരുത്തി. കെ.ജി.എം.ഒ.എ ഹാളില്‍ നടന്ന മീറ്റിംഗില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ. എല്‍ ഷീജ, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.അജന്‍, ശബരിമല ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ശബരിമല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ നിരണ്‍ബാബു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍,ബന്ധപ്പെട്ട സ്ഥാപനങ്ങളില മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

തിര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാണ്. ഇവിടങ്ങളില്‍ കാര്‍ഡിയോളജി, അസ്ഥിരോഗം, ഫിസിഷ്യന്‍, സര്‍ജന്‍ എന്നീ വിഭാഗങ്ങളില വിദഗ്ധ ഡോക്ട്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. എല്ലാ ആശുപത്രികളിലും എക്സ റേ, ഇ.സി.ജി എന്നീ സൗകര്യങ്ങളുണ്ടാകും. പമ്പ, സന്നിധാനം ആശുപത്രികളില്‍ വെന്റിലേറ്ററുകളോടുകൂടിയ തീവ്ര പരിചരണ വിഭാഗങ്ങളും പ്രവര്‍ത്തിക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള (സ്വാമി അയ്യപ്പന്‍ റോഡ്) നടപ്പാതകളില്‍ അഞ്ച് അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഹൃദയ പുനരുജ്ജീവന യന്ത്രം, പള്‍സ് ഓക്സി മീറ്റര്‍, ഗ്ലൂക്കോ മീറ്റര്‍, ബി.പി അപ്പാരിറ്റസ്, ഓക്സിജന്‍ സിലണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളും ഇവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകേന്ദ്രം, ദേവസ്വം ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, വനം വകുപ്പ് എന്നിവര്‍ സംയുക്തമായാണ് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കൊതുക് നശീകരണത്തിനായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ് എന്നിവ നടത്തും. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും പമ്പമുതല്‍ സന്നിധാനം വരെയുളള പാതകളിലും തീര്‍ഥാടകര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. അടിയന്തര ഘട്ടങ്ങളില്‍ സന്നിധാനത്തു നിന്നും പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര, പെരുനാട്, പന്തളം എന്നിവിടങ്ങളിലും പ്രത്യേക ആംബുലന്‍സ് സൗകര്യം ലഭ്യമാക്കും. തീര്‍ഥാടന കാലയളവില്‍ റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് തുറക്കും.

കോവിഡ് രോഗ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി എല്‍.എ.എം.പി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് പോസിറ്റീവ് ആകുന്നവരെ റാന്നി കാര്‍മല്‍ സി.എഫ്.എല്‍.ടി.സി യില്‍ പ്രവേശിപ്പിക്കും. പന്തളം ക്ഷേത്രത്തിന് സമീപം രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെ വൈദ്യസഹായകേന്ദ്രം പ്രവര്‍ത്തിക്കും.

സന്നിധാനം, പമ്പ, നില്ക്കല്‍, പന്തളം, ഇടത്താവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തുതിനുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. തീര്‍ത്ഥാടനകാലം സുരക്ഷിതമാക്കുന്നതിനുവേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു.

 

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…