എയര്‍ലൈന്‍സില്‍ ആദ്യ വനിതാ സി.ഇ.ഒ സ്ഥനമേറ്റെടുത്തിരിക്കുന്നു. എയര്‍ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയന്‍സ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹര്‍പ്രീത് എ ഡി സിങ് നിയമിതയായിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയില്‍ ആദ്യമായാണ് ഒരു വനിത ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്.
എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബന്‍സാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത തുടരാനാണ് ഹര്‍പ്രീതിനുള്ള നിര്‍ദേശം.
ഹര്‍പ്രീത് സിങ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ഹര്‍പ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റന്‍ നിവേദിത ബാസിന്‍ ആ ചുമതല വഹിക്കും.
1988 ലാണ് ഹര്‍പ്രീത് എയര്‍ ഇന്ത്യയിലെത്തുന്നത്. എയര്‍ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റാണ് ഹര്‍പ്രീത് സിങ്. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹര്‍പ്രീത് ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലേക്ക് മാറുകയായിരുന്നു.