ന്യൂഡല്‍ഹി: കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്കിനു പരുക്ക്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയയും പഴ്‌സനല്‍ സെക്രട്ടറി ദീപക്കും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകടത്തെത്തുടര്‍ന്ന് മൂവരെയും ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്.
ശ്രീപദ് നായ്ക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരില്‍നിന്ന് ഗോകര്‍ണയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ പാടെ തകര്‍ന്ന നിലയിലാണ്. അപകടവിവരമറിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി.
നായ്ക്കിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗോവയില്‍നിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായ്ക്. നായ്ക്കിന്റെ ഭാര്യയുടെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും അനുശോചനം രേഖപ്പെടുത്തി.