പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തി. 243 അംഗ സഭയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി(122 സീറ്റാണ് കേവലഭൂരിപക്ഷം). ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ നേടി തേജസ്വി പ്രതാപിന്റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഒരു സീറ്റു മാത്രം പിന്നില്‍ ഉജ്വല പ്രകടനവുമായി ബിജെപി 74 സീറ്റുകള്‍ നേടി. ഭരണം നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പില്‍ നിറംമങ്ങി. 43 സീറ്റുകള്‍ മാത്രമാണ് ജെഡിയുവിന് നേടാനായത്. നിതീഷിനോട് ഇടഞ്ഞ് എന്‍ഡിഎ വിട്ട് 137 സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒറ്റ സീറ്റില്‍ ഒതുങ്ങി. മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് അടിതെറ്റി.