ബെംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) പുറത്തിറക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് 2020ലാണ് കേരളം മുന്നിലെത്തിയത്. വെള്ളിയാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനം.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയാറാക്കിയത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മുന്നിലെത്തിയത്. സുസ്ഥിര വികസനം അടിസ്ഥാനമാക്കിയാണ് ഭരണപ്രകടനം വിശകലനം ചെയ്തിരിക്കുന്നതെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി അറിയിച്ചു.
സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നിവയാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.കേരളം ഒരിക്കല്‍കൂടി ഭരണമികവിനുള്ള അംഗീകാരം നേടിയെടുത്തെന്നും ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍. നെഗറ്റീവ് പോയിന്റുമായി ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നിവയാണ് അവസാന സ്ഥാനക്കാര്‍. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് മികച്ചത്. പിന്നാലെ മേഘാലയയും ഹിമാചല്‍ പ്രദേശുമുണ്ട്.
മണിപ്പുര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവയാണ് ഈ ഗണത്തില്‍ മോശം ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍. ചണ്ഡിഗഡാണ് മികച്ച ഭരണം കാഴ്ചവച്ച കേന്ദ്രഭരണ പ്രദേശം. പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുമ്പോള്‍ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍ എന്നിവയാണ് മോശം ഭരണം കാഴ്ചവച്ച കേന്ദ്രഭരണ പ്രദേശങ്ങള്‍.