വാഷിങ്ടന്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഎസില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ വ്യാപക പ്രതിഷേധവും അക്രമവും. അരിസോനയിലെ ഫീനിക്‌സില്‍ ട്രംപിന്റെ നൂറുകണക്കിന് അനുയായികള്‍ ആയുധങ്ങളുമായി പ്രതിഷേധറാലി നടത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഎസ് മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു. ജോ ബൈഡന്‍ വിജയിച്ച അരിസോനയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ചിലരുടെ വോട്ടുകള്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം അസാധുവാക്കിയെന്നാണ് റിപ്പബ്ലിക്കന്‍സിന്റെ ആരോപണം.
ദിവസങ്ങളായി മാരികോപ്പ് കൗണ്ടിക്കു മുന്‍പില്‍ ട്രംപ് അനുകൂലികള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിനായി പൊലീസ് കെട്ടിയ വേലി പൊളിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയതോടെ ശനിയാഴ്ച സംഘര്‍ഷം രൂക്ഷമായി. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്നും പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനായി നിയമ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നോട്ടുവരണമെന്നും പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. ‘പ്രസിഡന്റ് ട്രംപ് ഈ തിരഞ്ഞെടുപ്പ് വിജയിച്ചെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം’ – അവര്‍ പറഞ്ഞു. ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന മുദ്രാവാക്യവും പ്രക്ഷോഭത്തില്‍ ഉയര്‍ന്നു.