
അടൂര്‍: ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ എടുത്ത് പുറത്തിട്ടതായി വീട്ടമ്മയുടെ പരാതി. കടമ്പനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി അതിര ഭവനില്‍ എസ്.രമയുടെ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങളാണ് പുറത്തിട്ടത്. ബുധനാഴ്ച 2.30-നായിരുന്നു സംഭവം. കടമ്പനാട് തെക്ക് പിടി 59-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി വീട്ടുപകരണങ്ങള്‍ എടുത്ത് പുറത്തിട്ടതെന്നാണ് രമ ആരോപിക്കുന്നത്. 2017-ലാണ് രമ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നത്.കൊടുമണ്ണിലുള്ള 20 സെന്റ് സ്ഥലമാണ് ഈട് വച്ചത്. അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പ. ഇത് പലിശ സഹിതം എട്ടു ലക്ഷമായി. പണം അടയ്ക്കാത്ത സാഹചര്യം വന്നതോടെ കൊടുമണ്ണിലെ വസ്തുവിന് മേല്‍ ജപ്തി നടപടികള്‍ നടത്തിയെന്നാണ് രമ പറയുന്നത്.
പിന്നീട് ഒരു വര്‍ഷമായി ബാങ്ക് അധികൃതര്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ച മുന്‍പ് വീണ്ടും പണം ആവശ്യപ്പെട്ട് വീട്ടില്‍ എത്തി ന് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് ബുധനാഴ്ച വീണ്ടും രമ താമസിക്കുന്ന മാഞ്ഞാലിയിലെ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. ഈ വീടും സ്ഥലവും 2016-ല്‍ കേരളാ ബാങ്കില്‍ നിന്നും 15 ലക്ഷം രൂപ വായ്പ എടുത്തവകയില്‍ ജപ്തി നടപടി നേരിടുകയാണ്. അടുത്തിടെ ഈ ജപ്തി നടപടിയില്‍ നിന്നും ഒഴുവാകുന്നതിന് ഹൈക്കോടതിയില്‍ നിന്നും രമ സ്റ്റേ വാങ്ങിയിരുന്നു. അമ്മയ്ക്ക് സുഖമില്ലാതായതോടെ ബെംഗളൂരുവില്‍ ജോലിയുണ്ടായിരുന്നത് ഉപേക്ഷിക്കേണ്ടി വന്നു.
ഇതാണ് വായ്പ തുകകള്‍ അടയ്ക്കാതിരിക്കാന്‍ കാരണമെന്നുമാണ് രമ വ്യക്തമാക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി അതിക്രമം കാട്ടിയെന്നാരോപിച്ച് ഏനാത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് എസ്.രമ. എന്നാല്‍ രമയുടെ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അതിക്രമം കാട്ടിയിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നടപടികള്‍ നടത്തിയതെന്നുമാണ്
കടമ്പനാട് തെക്ക് പിടി 59-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ പറയുന്നത്. കൂടാതെ കൊടുമണ്ണിലുള്ള രമയുടെ സ്ഥലം ജപ്തി ചെയ്തിട്ടില്ല. ഇവിടെ നടപടികളുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡ് രമ എടുത്തു കളഞ്ഞതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ഒരു വര്‍ഷമായി ഈ വസ്തുവിലേക്ക് പോയിട്ടില്ലെന്ന് രമ പറയുന്നു