അടൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്നു: 18 ലക്ഷം രൂപ അടങ്ങിയ ക്യാഷ് ചെസ്റ്റ് പൊക്കാനുള്ള ശ്രമം പരാജയപ്പെട്ടു: സിസിടിവി മൂടോടെ അടിച്ചു മാറ്റി മോഷ്ടാക്കള്‍: കുറച്ച് മദ്യവും കൊണ്ടു പോയി

അടൂര്‍: ബൈപ്പാസ് റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ മോഷണം. മദ്യം ഉള്‍പ്പെടെ മോഷ്ടിച്ചു. എന്നാല്‍ 18 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ചെസ്റ്റ് ലോക്കര്‍ പൊക്കാനുള്ള ശ്രമം വിജയിച്ചില്ല.

വ്യാഴാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ
പിന്നിലൂടെയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം ഷട്ടറിന്റെ ഇരുവശത്തേയും പൂട്ട് പൊളിച്ചു. അകത്ത് കയറിയ മോഷ്ടാക്കള്‍ കൈയില്‍ കരുതിയ ആയുധം കൊണ്ട് ലോക്കറിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സിമെന്റ് കട്ട ഉപയോഗിച്ചും പൂട്ട് പൊളിക്കാന്‍ നോക്കിയതിന്റെ ലക്ഷണമുണ്ട്.

ഇതോടെ ലോക്കറിന്റെ പിടി ഇളകിപ്പോയി. ശ്രമം വിഫലമായതോടെ റാക്കില്‍ വച്ചിരുന്ന മദ്യക്കുപ്പികളുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. പണം ലഭിച്ചില്ലെങ്കിലും തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ സി.സി.ടി.വിയുടെ ഡി.വി.ആറും മോഷ്ടാക്കള്‍ എടുത്തു കൊണ്ടു പോയി.

മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണും മോഷ്ടിച്ചു. സി.സി ടി.വിയും അനുബന്ധ സാധനങ്ങളും മറ്റ് ഉപകരണങ്ങളും മോഷണം പോയ ഇനത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര രൂപയുടെ വിദേശ മദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ. കണക്കെടുപ്പ് തുടരുകയാണ്.

ഡിവൈ.എസ്.പി ആര്‍. ബിനു, ഇന്‍സ്പെക്ടര്‍ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍, രവികുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കാല്‍കോടിയിലധികം പ്രതിദിന വിറ്റു വരവുള്ള ഇവിടെ നാല് സുരക്ഷാ ജീവനക്കാര്‍ മുന്‍പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല. ഇതും മോഷ്ടാക്കള്‍ക്ക് തുണയായി.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…