ദുബായ് : ദുബായിലേക്ക് വരാനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളില്‍ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബുകള്‍, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ. പി. ഭാസിന്‍ പാത് ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, അസാ ഡയഗ്‌നോസ്റ്റിക് സെന്റര്‍, 360 ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ഹെല്‍ത് സര്‍വീസസ്, എഎആര്‍എ ക്ലിനിക്കല്‍ ലാബറോട്ടറീസ് എന്നിവയില്‍ നിന്നുള്ള ഫലമാണ് അസ്വീകാര്യം.
#FlyWithIX : Attention passengers traveling to Dubai! pic.twitter.com/zSZOGt9qlv
— Air India Express (@FlyWithIX) October 26, 2020
ഇതില്‍ നാലു ലാബുകളെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഫ്‌ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു ലാബുകള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവര്‍ ഹെല്‍ത് ലാബുകളില്‍ നിന്നു മാത്രം കോവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
യുഎഇയിലേയ്ക്ക് വരുന്ന 12 വയസിന് മുകളിലുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം ലഭിച്ച കോവിഡ്19 ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി കൈയില്‍ കരുതണം. സാമ്പിള്‍/ സ്വാബ് ശേഖരിച്ചതു മുതല്‍ കണക്കാക്കുന്നതാണ് 96 മണിക്കൂര്‍.
ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ളവരെ യുഎഇ യാത്രയ്ക്കുള്ള കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഷാര്‍ജയിലേയ്ക്ക് വരുന്നവര്‍ എസ്എംഎസ് മുഖേനയോ അല്‍ ഹൊസന്‍ (AL HOSN) ആപ്ലിക്കേഷന്‍ എന്നിവയില്‍ ലഭിക്കുന്ന സന്ദേശം സ്വീകാര്യം.
പരിശോധനാ ഫലം ഇംഗ്ലീഷിലോ ആ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടത്തിയതോ ആയിരിക്കണം. കൂടാതെ, ഹെല്‍ത് കെയര്‍ അധികൃതറുടെ പേര്, ബന്ധപ്പെടേണ്ട വിലാസം, ഒപ്പ്, മുദ്ര എന്നിവ പതിച്ചിരിക്കണം.