ദോഹ: കോവിഡ് 19 വാക്സീന്‍ ഖത്തറില്‍ ലഭ്യമാക്കാന്‍ രണ്ടാമത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു.മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായി മന്ത്രാലയം ഒപ്പുവെച്ചതായി കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ ആണ് വെളിപ്പെടുത്തിയത്. കമ്പനിയുടെ കോവിഡ് വാക്സീന് അംഗീകാരം ലഭിച്ച് ആഗോള ഉപയോഗത്തിനായി വിതരണം ചെയ്യുന്നതോടെ ഖത്തറിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.
മൊഡേണ കമ്പനിയുടെ വാക്സീന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആരോഗ്യമുള്ള മുതിര്‍ന്നവരുടെ ശരീരത്തില്‍ കൊറോണവൈറസിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ടി-കോശങ്ങളില്‍ നിന്ന് പ്രതിരോധ പ്രതികരണം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാക്സീന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും ഡോ.അല്‍ഖാല്‍ വിശദീകരിച്ചു.